2015, ഫെബ്രുവരി 18, ബുധനാഴ്‌ച

നമ്മുടെ ഭാഷ അവരുടെ ഭാഷ

ആശയ വിനിമയത്തിലെ ഏറ്റവും ശക്തമായ ഉപാധിയാണ് ഭാഷ. മനുഷ്യസംസ്കാരത്തിന്റെ ഏറ്റവും പ്രധാന ഘടകവുമാണത്. നദിയിലെ വെള്ളം വറ്റിപ്പോയാല്‍ നദി ഇല്ലാതാകുന്നതുപോലെ ഭാഷ നശിച്ചാല്‍ സംസ്കാരവും നശിക്കും. സംസ്കാരത്തിന്റെ ഈടുവയ്പ്പുകള്‍ നാം സൂക്ഷിച്ചുവയ്ക്കുന്നത് ഭാഷയിലാണ്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അറിവ് സമാഹരിക്കപ്പെട്ടിരിക്കുന്നത് ഭാഷയിലാണല്ലോ. ചെറുഭാഷകളെയും സംസ്കാരങ്ങളെയും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ട്. അത്തരം നാശത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഭാഷകളുണ്ട് ലോകത്തില്‍. അവയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലോക മാതൃഭാഷാ ദിനം ആചരിക്കുന്നത്. മലയാളം നമ്മുടെ മാതൃഭാഷയാണ്. അമ്മയെ പ്പോലെയാണ് നമുക്ക് മാതൃഭാഷ. നമുക്ക് മാത്രമല്ല എല്ലാവര്‍ക്കും. ഏതു നാട്ടുകാരനും അവരുടെ മാതൃഭാഷയെ അതിരറ്റു സ്നേഹിക്കുന്നു. മാതൃഭാഷയില്‍ പഠിക്കുന്നത് പഴഞ്ചനാണെന്നും അതുകൊണ്ട് നല്ലൊരു തൊഴില്‍ കിട്ടുകയില്ലെന്നും വിശ്വസിക്കുന്നവരുടെ എണ്ണം പുതിയകാലത്ത് കൂടിവരുന്നു. മാതൃഭാഷാസ്നേഹം നമ്മളില്‍ കുറഞ്ഞുവരികയാണ്.

മാതൃഭാഷ പഠിക്കാതെ ബിരുദം നേടാവുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. ഈ ദുരവസ്ഥ മാറണം. ക്ലാസിക് പദവിയിലേക്ക് ചുവടുവെക്കുന്ന മലയാളത്തെ സ്നേഹിക്കാനും സേവിക്കാനും മാതൃഭാഷാദിനാചരണം പ്രചോദനമാകണം.ദ്രാവിഡഗോത്രത്തിലെ ദക്ഷിണശാഖയിലാണ് മലയാളം. ലക്ഷദ്വീപുകാരുടെ പ്രധാനഭാഷയും മലയാളമാണ്. സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ മലയാളത്തിന് ഇന്ത്യന്‍ ഭാഷകളില്‍ എട്ടാം സ്ഥാനമുണ്ട്. ലോകത്ത് സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട് മുപ്പതാം സ്ഥാനവും മലയാളത്തിനാണ്. ആയിരക്കണക്കിന് ഭാഷകളും 700 കോടിക്കടുത്ത് ജനസംഖ്യയുമുള്ള ഈ ഭൂമിയില്‍ വളരെ ചെറിയൊരു സ്ഥാനമല്ല ഇത്. എത്രയെത്ര പ്രതിഭകളാണ് ഈ ഭാഷയില്‍നിന്നും വിശ്വത്തോളമുയര്‍ന്നത്.

നിരവധി ഭാഷകളില്‍ നിന്ന് എണ്ണമറ്റ പദങ്ങള്‍ നാം സ്വന്തമാക്കി. ലോക സാഹിത്യത്തിലെ ഇതിഹാസങ്ങളും മഹാകാവ്യങ്ങളും ശാസ്ത്ര, തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളും നാം പരിഭാഷപ്പെടുത്തി. കേരളപ്പിറവിയുടെ താക്കോലായി നാം ഭാഷയെ കണ്ടു. എന്നിട്ടും ഓക്സിജന്‍ അന്വേഷിക്കുന്ന ഭാഷയായി മലയാളം മാറിപ്പോകുമോ എന്ന് നാം ഭയപ്പെടുന്നു. മറ്റ് പല ഭാഷകളെപോലെ മലയാളവും വെല്ലുവിളികള്‍ നേരിടുന്നു. ഒരു ഭാഷ മരിക്കുന്നതിന് പല കാരണങ്ങളുണ്ട്. ആ ഭാഷ ഉപയോഗിക്കുന്ന സമൂഹം അതിനെ നിരസിക്കുകയോ അധമബോധത്തോടെ രണ്ടാംകിടയിലേക്ക് വലിച്ചെറിയുകയോ ചെയ്യുന്നത് മരണകാരണമാവാം. അത് അനുവദിക്കരുത്.മാതൃഭാഷയെ അഭിമാനത്തോടെ തിരിച്ചുപിടിക്കാന്‍ നമുക്കാവണം. പുതിയ പുതിയ സംരംഭങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. സാങ്കേതികപദാവലികള്‍ വിപുലപ്പെടുത്തണം. പ്രാഥമികവിദ്യാഭ്യാസം മുതല്‍ മാതൃഭാഷ നിര്‍ബന്ധമാക്കണം. ലോകത്തെല്ലായിടത്തും മലയാളം പഠിക്കാന്‍ അവസരമുണ്ടാവണം.

ചോരയില്‍ കുറിച്ച ഭാഷാദിനം
ഫെബ്രുവരി 21 മാതൃഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയതിനുപിന്നില്‍ ഒരു പ്രക്ഷോഭത്തിന്റെ കഥയുണ്ട്. ഭാഷാസമരത്തില്‍ ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ ഓര്‍മയാണ് ലോക മാതൃഭാഷാദിനാചരണത്തിന് കാരണമായത്. അവിഭക്ത ബംഗാള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് ഉജ്വല സംഭാവന നല്‍കിയ പ്രദേശമാണ്. രാജാറാം മോഹന്‍റായ്, രബീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ബംഗാള്‍ ഭാഷയില്‍ പിച്ചവച്ച് വളര്‍ന്നവരായുണ്ട്്. ബംഗാളിന്റെ വീറുറ്റ സ്വാതന്ത്ര്യ സമരപോരാട്ടം ഇംഗ്ലീഷുകാര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ആദ്യം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയായിരുന്നല്ലോ. അവര്‍ തലസ്ഥാനം ദില്ലിയിലേക്ക് മാറ്റുക മാത്രമല്ല, ബംഗാള്‍ വിഭജിക്കുകയും ചെയ്തു. ബംഗാളികളുടെ പോരാട്ടത്തിന് കരുത്തേകിയത് അവരുടെ ഭാഷയാണ്. വിഭജനത്തോടെ കിഴക്കന്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമായി. പക്ഷേ പടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നും അവരുടെമേല്‍ മേധാവിത്വം പുലര്‍ത്തിപ്പോന്നു. 1952-ല്‍ അവരുടെ ഭാഷയായ ഉറുദു ഔദ്യോഗിക ഭാഷയാക്കുകയും അത് കിഴക്കന്‍ ബംഗാളില്‍( ഇന്നത്തെ ബംഗ്ലാദേശ്)അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരെ തങ്ങളുടെ മാതൃഭാഷയായ ബംഗാളിക്കുവേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങി. ലോകപ്രശസ്തമായ ധാക്ക സര്‍വകലാശാല പ്രക്ഷോഭ കേന്ദ്രമായി. തെരുവിലിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഭരണാധികാരികള്‍ വെടിവച്ചു വീഴ്ത്തി. നിരവധി പേര്‍ തങ്ങളുടെ ഭാഷയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ലോകം ഞെട്ടിയ ഈ കൂട്ടക്കൊല 1952 ഫെബ്രുവരി 21-നായിരുന്നു. ജയിലറകളില്‍ അടയ്ക്കപ്പെട്ടവര്‍ കാരാഗൃഹ ഭിത്തികളില്‍ ഭാഷാവിമോചനത്തിന്റെ മുദ്രാവാക്യം കുറിച്ചിട്ടു. 1956-ല്‍ സമരം വിജയം കണ്ടു. ബംഗാളിയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്കുപോലും പ്രചോദനമായി ഈ ഭാഷാപ്രക്ഷോഭം.

പല ദേശങ്ങള്‍,പല ഭാഷകള്‍
ലോകത്ത് ഏകദേശം ഏ ഴായിരം ഭാഷകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലിപിയില്ലാത്ത സംസാര ഭാഷകളുമുണ്ട്. ഇങ്ങനെയുള്ള ആദിവാസി ഭാഷകള്‍ ആയിരങ്ങള്‍ വരും. അധിനിവേശങ്ങളുടെ ഫലമായി സംസ്കാരങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മാസത്തില്‍ ഒരു ഭാഷയെങ്കിലും നശിക്കുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ത്യയില്‍ ഭരണഘടനയ നുസരിച്ച് 22 ഭാഷകളെയാണ് അംഗീകരിച്ചതെങ്കിലും 1652 ഭാഷകള്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്ക്. ഭാഷകളും ഉപഭാഷകളും ചേര്‍ന്നാണിത്. പതിനായിരം പേര്‍ മാത്രം സംസാരിക്കുന്ന ഭാഷകളും ഇക്കൂട്ടത്തിലുണ്ട്.

എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഭാഷകള്‍
ഇന്ത്യയില്‍ ഏകദേശം 1652 ഭാഷകളുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ 22 ഭാഷകളാണ് അംഗീകരിച്ചിട്ടുള്ളത് 1. ആസാമീസ് 2. ബംഗാളി 3. ഗുജറാത്തി 4. ഹിന്ദി 5. കന്നഡ 6. കാശ്മീരി 7. മലയാളം 8. മറാഠി 9. ഒറിയ. 10. പഞ്ചാബി 11. സംസ്കൃതം 12. തമിഴ് 13. തെലുങ്ക് 14. ഉറുദു (ഈ 14 ഭാഷകളും എട്ടാം ഷെഡ്യൂളിന്റെ തുടക്കം മുതല്‍ അതില്‍ ഉള്‍പ്പെട്ടവയാണ്). 15.സിന്ധി(1962ലും)16. കൊങ്കണി. 17.മണിപ്പൂരി. 18 നേപ്പാളി എന്നീ ഭാഷകള്‍ 1992 മുതലും എട്ടാം പട്ടികയിലുണ്ട്. 2003ല്‍ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയ ഭാഷകളാണ് ഇനി പറയുന്ന നാലെണ്ണം; 19. ബോഡോ 20. ഡോഗ്രി. 21.മൈഥിലി 22. സന്താളി.

ഭാരതീയ ഭാഷകള്‍
ഇന്ത്യന്‍ ഭാഷകളെ പ്രധാനമായി നാലുവിഭാഗങ്ങളായി തിരിക്കാം. 1)ഇന്തോ-ആര്യന്‍ഭാഷകള്‍: ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു, സിന്ധി, ഒറിയ, പഞ്ചാബി. 2)ദ്രാവിഡ ഭാഷകള്‍: തമിഴ്, കന്നഡ, മലയാളം, തെ ലുങ്ക്, തുളു. 3) ആസ്ട്രിക് ഭാഷകള്‍: മുണ്ട (ങൗിറമ), കോള്‍ (ഗീഹ). 4) സിനോ-ടിബറ്റന്‍ ഗോ ത്രത്തില്‍പ്പെട്ട ഭാഷകള്‍: ആസാമീസ്, ഖംതി (ഗവമാശേ വടക്കു കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ സംസാരിക്കുന്ന ഭാഷയാണ്)വലിയ ഭാഷലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും തദ്ദേശീയമായി ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും  മന്‍ഡാറിന്‍ ആണ്. 84.5 കോടിയാളുകള്‍ തദ്ദേശീയമായും ലോകത്താകെ 102.5 കോടിയാളുകളും ഈ ഭാഷ കൈകാര്യംചെയ്യുന്നു. ചൈനീസ് ഭാഷയുടെ വകഭേദമാണ് മന്‍ഡാറിന്‍. ഏറ്റവും കൂടുതല്‍ ആളുകളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഹിന്ദിയും ഉറുദുവും ചേര്‍ന്ന (ഹിന്ദുസ്ഥാനി) ഗ്രൂപ്പ് ഉള്‍പ്പെടുന്നു. തദ്ദേശീയമായി 24കോടിയും ലോകത്താകമാനം 40.5 കോടിയും പേര്‍.

കൊണ്ടും കൊടുത്തും
ഇന്ന് കാണുന്ന രീതിയില്‍ മലയാളത്തിന്റെ പദാവലി വികസിച്ചതിനു പിന്നില്‍ അനേകം ഭാഷകളോട് നാം കടപ്പെട്ടിരിക്കുന്നു. എല്ലാ ഭാഷകളും മറ്റു ഭാഷകളില്‍ നിന്ന് കടംകൊണ്ടുതന്നെയാണ് പദസമ്പത്ത് വികസിപ്പിക്കാറുള്ളത്. സംസ്കൃതം, പ്രാകൃതം, പാലി, മറാഠി, ഹിന്ദി, അറബി, ഉര്‍ദു, പേര്‍ഷ്യന്‍, സിറിയന്‍, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് മുതലായ ഭാഷകളുടെ സമ്പര്‍ക്ക സ്വാധീനങ്ങള്‍ മലയാളത്തിന് ഏറെ സഹായകമായി. അത്താണി, ഒട്ടകം, ലാക്ക്, കേമം, വട്ടം മുതലായവ മധ്യ ഇന്തോ-ആര്യന്‍ ഭാഷകളില്‍ നിന്ന് ലഭിച്ചവയാണ്. കിച്ചടി, ചട്ടിണി, തോപ്പ്, പാറാവ് മുതലായ പദങ്ങള്‍ ഹിന്ദി, മറാഠി തുടങ്ങിയ ആധുനിക ഇന്തോ-ആര്യന്‍ ഭാഷകളില്‍ നിന്നാണ് ലഭിച്ചത്. സന്നത്, വക്കാലത്ത്, ഹര്‍ജി തുടങ്ങിയവ അറബിയില്‍നിന്ന് സ്വീകരിച്ചു. ചുരുക്കത്തില്‍ മറ്റുഭാഷകളില്‍നിന്ന് കൊണ്ടും കൊടുത്തുമാണ് മലയാളമുള്‍പ്പെടെ എല്ലാ ഭാഷകളും വളര്‍ന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.