2015, ഫെബ്രുവരി 21, ശനിയാഴ്‌ച

മാതൃഭാഷാവധം- കെ.പി. രാമനുണ്ണി

ഇന്ന് ലോക മാതൃഭാഷാദിനം

നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത് എല്ലാ തരത്തിലും ആളെപ്പിടിച്ച്
കൊല്ലുന്നതിന് തുല്യമാണെന്നാണ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാ
മഞ്ചിന്റെ നായകന് ജോഗാസിങ് വിലയിരുത്തിയത്

'മലയാളം ഒന്നാം ഭാഷയാക്കുന്നതും പഠന ഭാഷയാക്കുന്നതും വ്യവഹാര ഭാഷയാക്കുന്നതും ഇനി മലയാളികളുടെ മാത്രം പ്രശ്‌നമായിരിക്കില്ല. മാതൃഭാഷാപ്പോരാളികളായ പഞ്ചാബികളുടെ കൂടി പ്രശ്‌നമായിരിക്കും. ഏതെങ്കിലും രാജ്യത്ത് ഭരണകൂടം ആളുകളെ പിടിച്ച് കൊല്ലുന്നുണ്ടെങ്കില് ലോകത്തെ മനുഷ്യാവകാശപ്രവര്ത്തകരെല്ലാം ചാടി വീണ് ഇടപെടുകയില്ലേ? അതേപോലെ ഗൗരവമേറിയ പ്രശ്‌നമാണ് ഒരു നാട്ടില് നാട്ടുകാര്ക്ക് മാതൃഭാഷയിലൂടെയുള്ള പഠനമോ മറ്റ് വ്യവഹാരങ്ങളോ നിഷേധിക്കുന്നത്.'
ഈ വര്ഷത്തെ തുഞ്ചന് ഉത്സവത്തിലെ ദേശീയ സെമിനാറില് സാങ്കേതികതയുടെ ആധിപത്യം ഭാഷയിലും സംസ്‌കാരത്തിലും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കാനെത്തിയെ ജോഗാസിങ്ങിന്റെ വാക്കുകളാണിവ. മാതൃഭാഷാ ഭ്രാന്തനായ ഏതോ സര്ദാര്ജിയുടെ വീണ്വാക്കുകളായി ഇതിനെ ഒരിക്കലും കണക്കിലെടുത്തുകൂടാ. കാരണം ജോഗാസിങ് പഞ്ചാബി മാതൃഭാഷാപ്രസ്ഥാനമായ ഭാഷാ ചേതനാമഞ്ചിന്റെ നായകന് മാത്രമല്ല. പട്ട്യാല സര്വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറാണ്. പഞ്ചാബി സാഹിത്യ അക്കാദമിയുടെയും കേന്ദ്രീയ ലേഖക് സഭയുടെയും ഉപദേശകസമിതി അംഗമാണ്. പഞ്ചാബി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും യു.ജി.സി. നെറ്റ് എക്‌സാമിനേഴ്‌സ് പാനല് മെമ്പറുമാണ്. ധാരാളം ദേശീയ, അന്തര്‌ദേശീയ സെമിനാറുകളില് പ്രബന്ധങ്ങള് അവതരിപ്പിക്കാന് ക്ഷണിക്കപ്പെടുന്ന പണ്ഡിതനാണ്.
ലോകവ്യാപകമായി നടത്തിയ പഠനനിരീക്ഷണങ്ങളുടെ ഉള്ബലത്തോടുകൂടിയാണ് നാട്ടിലെ ജനങ്ങള്ക്ക് മാതൃഭാഷാ വ്യവഹാരം നിഷേധിക്കുന്നത്, എല്ലാ തരത്തിലും ആളെപ്പിടിച്ച് കൊല്ലുന്നതിന് തുല്യമാണെന്ന് ജോഗാസിങ് വിലയിരുത്തിയത്. എന്തെല്ലാമാണ് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ വീക്ഷണങ്ങളും വാദഗതികളുമെന്ന് പരിശോധിക്കാം.
ഇംഗ്ലീഷാണ് വര്ത്തമാനകാലത്തിന്റെ ഭാഷയെന്നും ഇംഗ്ലീഷിലൂടെ മാത്രമേ പുതുവിജ്ഞാനവും പുരോഗതിയും നേടാന് സാധിക്കൂ എന്നുമുള്ള ധാരണ ഒരു പോസ്റ്റ് കൊളോണിയല് കള്ളമിത്താണെന്ന് അദ്ദേഹം പറയുന്നു. എന്തെന്നാല് ശാസ്ത്രഗണിത പഠനങ്ങളില് ഏറ്റവും മികച്ച പത്തു രാജ്യങ്ങളില് ഒമ്പതെണ്ണത്തിലും പഠനമാധ്യമം ഇംഗ്ലീഷല്ല, തദ്ദേശീയ ഭാഷകളാണ്. ഏഷ്യയിലെ അത്യുന്നത നിലവാരമുള്ള 50 യൂണിവേഴ്‌സിറ്റികളുടെ കണക്കെടുക്കുകയാണെങ്കില് അതില് വളരെ കുറച്ച് എണ്ണത്തില് മാത്രമേ ഇംഗ്ലീഷ് പഠനമാധ്യമമായി നിലനില്ക്കുന്നുള്ളൂ. ഇന്ത്യക്കാര്ക്ക് ഇംഗ്ലീഷേ അറിഞ്ഞുകൂടാതിരുന്ന പതിനേഴാം നൂറ്റാണ്ടില് ലോക വാണിജ്യത്തിലെ ഭാരതീയവിഹിതം 22 ശതമാനമായിരുന്നപ്പോള് ബ്രിട്ടീഷ് അധിപത്യത്തിനും ആംഗലപ്രചാരണത്തിനും ശേഷം അത് കുറഞ്ഞ് കുറഞ്ഞ് 1.5 ശതമാനത്തിലാണ് എത്തി നില്ക്കുന്നത്. മാതൃഭാഷയിലൂടെയുള്ള ബോധനത്തിന്റെ ഗുണഗണങ്ങള് തിരിച്ചറിഞ്ഞ് കൂടുതല്ക്കൂടുതല് രാജ്യങ്ങള് തങ്ങളുടെ സ്വന്തം ഭാഷകളിലേക്ക് ഉന്നതവിദ്യാഭ്യാസമടക്കം മടക്കിയെടുക്കുയാണ്. ഫിലിപ്പീന്‌സില് അവരുടെ മാതൃഭാഷയായ ടാഗലോഗില് പഠിക്കുന്ന കുട്ടികളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്പന്തിയില് നില്ക്കുന്നത്. സ്വീഡനിലേക്ക് കുടിയേറിപ്പാര്ത്ത ഫിന്‌ലന്ഡുകാരുടെ മക്കളില് സ്വന്തം ഭാഷയായ ഫിന്നിഷ് അറിയുന്നവര്ക്ക് മാത്തമാറ്റിക്കല് സ്‌കില് പോലും കൂടുതലാണുള്ളത്. റഷ്യക്കാരും ജര്മന്കാരും ഫ്രഞ്ചുകാരും ചൈനക്കാരും ജപ്പാന്കാരും കൊറിയക്കാരും ഇംഗ്ലീഷ് ഭാഷയെ തൊട്ടുതീണ്ടാതെയാണല്ലോ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില് നോബേല് സമ്മാനം വരെ നേടുന്നത്.
ഇംഗ്ലീഷിന്റെ കേദാരമായ അമേരിക്കയിലും കാനഡയിലും ന്യൂസീലന്‍ഡിലും നോണ്ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള് വര്ധിച്ചുകൊണ്ടിരിക്കുന്നു. ചൈനീസ് മീഡിയം സ്‌കൂളുകളുടെയും ചൈനീസ് പഠിക്കുന്നവരുടെയും പെരുപ്പം രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അമേരിക്കയിലിന്ന് പത്തിരട്ടിയാണ്. ഇംഗ്ലീഷ് ആധിപത്യ രാജ്യങ്ങളിലെല്ലാം ഭാഷാന്യൂനപക്ഷങ്ങള് ഇംഗ്ലീഷിനെ വെടിഞ്ഞ് തങ്ങളുടെ മാതൃഭാഷകളിലേക്ക് എത്തുന്ന കാഴ്ച അദ്ഭുതകരമാണ്. ലോകവ്യാപകമായിത്തന്നെ എല്ലാ തുറകളിലും ഇംഗ്ലീഷിന്റെ ഉപയോഗവും മാന്യതയും കുറഞ്ഞുകൊണ്ടിരിക്കുന്നു. രണ്ടായിരാമാണ്ടില് ഇന്റര്‌നെറ്റിലെ 80 ശതമാനം ഉള്ളടക്കവും ആംഗലത്തിലായിരുന്നെങ്കില് ഇപ്പോള് അത് നാല്പത് ശതമാനത്തിന് കീഴേക്ക് പോയിരിക്കുന്നു. ബഹുഭാഷോന്മുഖമായ പ്രവണത ലോകമൊട്ടാകെ കാറ്റു പിടിക്കുന്നതിനാല് ഇംഗ്ലീഷില് മാത്രം പത്രാസടിക്കുന്ന മാതൃഭാഷാ അജ്ഞര്ക്ക് പല കമ്പനികളും ജോലി നിഷേധിക്കുന്നുണ്ട്. പ്രശസ്ത ഇംഗ്ലീഷ് മാഗസിനായ ഇക്കണോമിക്സ്റ്റിന്റെ അഭിപ്രായത്തില് ഇംഗ്ലീഷല്ലാതെ മറ്റൊന്നും വശമില്ലെന്ന ഒറ്റക്കാരണത്താല് ബ്രിട്ടീഷുകാര്ക്ക് പല മണ്ഡലങ്ങളിലും വമ്പിച്ച നഷ്ടവും തിരിച്ചടിയും നേരിടുന്നു. മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച് ഇന്ത്യന് കൊമേഴ്‌സിന്റെ 95 ശതമാനവും ഇന്ത്യന് ഭാഷകളിലൂടെ നടക്കുമ്പോള് ആംഗലത്തിലൂടെയുള്ള കച്ചവടം വെറും അഞ്ച് ശതമാനമാണ്.
മാതൃഭാഷാമാധ്യമം അന്യഭാഷാമാധ്യമത്തെ പഠനത്തിന്റെ സര്വതലങ്ങളിലും കടത്തിവെട്ടുന്നതിന് വസ്തുനിഷ്ഠമായ കാരണങ്ങളുണ്ട്. ഒന്നാമതായി മത്സ്യത്തെ ചെളിയില് ഇഴയ്ക്കുന്നതിന് പകരം വെള്ളത്തില് നീന്താന് വിടുന്നതിന്റെ ജനിതക ആനുകൂല്യം തന്നെ. രണ്ടാമതായി തെറ്റ് പറ്റുമോ എന്ന ഭയമില്ലാതെ കുട്ടികള്ക്ക് സ്വയം ആവിഷ്‌കരിക്കാന് സാധിക്കുന്നു. മൂന്നാമതായി മാതൃഭാഷ ഒന്നാം ഭാഷയായ മള്ട്ടിലിന്ഗ്വല് എജുക്കേഷനില് (MLE) അധ്യാപക വിദ്യാര്ഥി വിനിമയം സുഗമമാകുന്നു. സര്വോപരി മാതൃഭാഷ വിദ്യാര്ഥികളെ സമൂഹത്തില് വേരുള്ളവരാക്കി ഉറപ്പിക്കുന്നു.
മാതൃഭാഷയല്ല കുട്ടികളുടെ പഠനമാധ്യമമെങ്കില് അവരുടെ സമയത്തിന്റെയും ഊര്ജത്തിന്റെയും ഭൂരിഭാഗവും അന്യഭാഷയുമായി ഗുസ്തി പിടിക്കാനാണ് വിനിയോഗിക്കേണ്ടി വരിക. അതിനിടയില് പഠനവിഷയം പറ്റേ ചോര്ന്ന് പോകുകയും ചെയ്യും. മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തിന് മാത്രമല്ല, അന്യഭാഷാ പഠനത്തിന് കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തലുകള്. അങ്ങനെ നോക്കുമ്പോള് ഇംഗ്ലീഷില് പോലും പ്രാഗല്ഭ്യമുണ്ടാകാന് മാതൃഭാഷാ മാധ്യമത്തിലാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വരുന്നു. (കേരളം മുഴുക്കെ മലയാളം മീഡിയമായിരുന്ന കാലത്തെ പഴയ എസ്.എസ്.എല്.സി.ക്കാര് ആംഗലം വെറും ഒരു വിഷയമായി പഠിച്ചാണ് മറ്റ് സംസ്ഥാനങ്ങളില് ഇംഗ്ലീഷ് അധ്യാപകരായി പോയിരുന്നതെന്ന് ഓര്ക്കുക. ഇന്നാണെങ്കില് മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പത്താം തരക്കാര്ക്കും ഇംഗ്ലീഷോ മലയാളമോ മര്യാദയ്ക്കറിയാത്ത അവസ്ഥയാണുള്ളത്. കനത്ത ഫീസ് വാങ്ങുന്ന പബ്ലിക് സ്‌കൂളുകളിലെ കുട്ടികള്ക്ക് നല്ല ആക്‌സന്റുണ്ടാകുമെന്നല്ലാതെ ഷേക്‌സ്​പിയറോ ജെയിംസ് ജോയ്‌സോ വായിച്ചാല് തിരിയില്ല.)
ഇംഗ്ലീഷ് പോലൊരു അന്യഭാഷ പഠിക്കാന് ആ ഭാഷ പഠനമാധ്യമമാക്കുകയാണ് വേണ്ടതെന്ന സങ്കല്പ്പം ഏറ്റവും വലിയ വങ്കത്തരമാണ്. അതേപോലെ തന്നെ അര്ഥശൂന്യമാണ് പുതിയൊരു ഭാഷ പഠിക്കാന് ചെറുപ്പത്തിലേ അതിന്റെ പഠനം തുടങ്ങണമെന്നതും മാതൃഭാഷാപഠനം മറ്റ് ഭാഷാപഠനങ്ങള്ക്ക് വിഘ്‌നം സൃഷ്ടിക്കുമെന്നതും. സത്യം നേരേ മറിച്ചാണ്. മാതൃഭാഷാ വൈദഗ്ധ്യം അന്യഭാഷകള് പരിശീലിക്കുന്നതിന് ഗംഭീരന് മസ്തിഷ്‌ക ഉപകരണങ്ങളാണ് കുട്ടികള്ക്ക് നല്കുന്നത്. മാതൃഭാഷാ ജ്ഞാനത്തിലൂടെ അവര് ഭാഷയുടെ പ്രതീകാത്മക ചിഹ്നങ്ങളും സങ്കല്പനസൂത്രങ്ങളും വേഗത്തില് ആര്ജിക്കുന്നു. സ്വതന്ത്രമായ വിനിമയത്തിന് പ്രാപ്തരാകുന്നു. പാലു കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുംപോലെ വ്യാകരണനിയമങ്ങള് സ്വാഭാവികമായി സ്വായത്തമാക്കുന്നു.
കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ രാജ്യത്തൊട്ടാകെ സുബോധമുള്ളവര് കലഹിച്ച പോലെ കേരളത്തിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ തമിഴനും കര്ണാടകയിലെ മാതൃഭാഷാ അവഗണനയ്‌ക്കെതിരെ ഹിന്ദിക്കാരനുമെല്ലാം സമരം ചെയ്യേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.
ഐക്യമലയാളപ്രസ്ഥാനം നിരന്തരം നടത്തിയ സമരങ്ങള്ക്ക് ശേഷവും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്ബന്ധ ഒന്നാം ഭാഷയാക്കുന്നതിന്റെയും കോടതി ഭാഷ മലയാളമാക്കുന്നതിന്റെയും മറ്റും കാര്യങ്ങള് അവതാളത്തിലാണല്ലോ. സമഗ്ര മലയാളഭാഷാ ബില്‍ പാസാക്കിക്കൊള്ളാമെന്ന വാഗ്ദാനത്തിന്റെ പേരില് 2013 മാര്ച്ച് മാസത്തില് പ്രസ്ഥാനം നടത്തിയ നിരാഹാരസമരം പിന്വലിച്ചെങ്കിലും പിന്നെയും ഏഴോളം അസംബ്ലികള് കോലാഹലപ്പെട്ട് പിരിഞ്ഞു കഴിഞ്ഞു. ക്ഷമകെട്ട്, അപമാനിതരായ ഐക്യമലയാളപ്രവര്ത്തകര് ഫിബ്രവരി 21 മുതല് വിപുലമായ സമരപരിപാടികള് അവിഷ്‌കരിച്ചിട്ടുണ്ട്. മാര്ച്ച് 24ാ തിയ്യതി തലസ്ഥാനനഗരിയില് ഭാഷാസ്‌നേഹികളുടെ ഒരു ദിവസത്തെ സൂചനാ സത്യാഗ്രഹം മാര്ച്ച് 30, 31 തിയ്യതികളില് ഹൈക്കോടതിയില് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള വാഹനപ്രചാരണജാഥ ഏപ്രില് എട്ടാം തിയ്യതി മുതല് ഭാഷാപ്രവര്ത്തകരുടെയും എഴുത്തുകാരുടെയും അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ഏപ്രില് എട്ടാം തിയ്യതിയായിട്ടും സമഗ്ര ഭാഷാ ബില്‍ കേരളസര്ക്കാര് പാസാക്കിയില്ലെങ്കില് തലേക്കെട്ട് കെട്ടിയൊരു സര്ദാര്ജി സെക്രട്ടേറിയറ്റ് നടയ്ക്കല് മലയാള സംരക്ഷണത്തിനായി നിരാഹാരം കിടക്കുന്ന ചേതോഹരമായ കാഴ്ച നമുക്കെല്ലാം കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.